Monday 30 June 2014

പച്ച ബോര്‍ഡ്

സ്കൂളുകളില്‍ പച്ച ബോര്‍ഡ് സ്ഥാപിക്കല്‍ സര്‍ക്കാരിന്റെ അറിവോടെയെന്ന് വ്യക്തമാകുന്നു. മലപ്പുറം ജില്ലയില്‍ നവീകരണ പ്രവൃത്തി നടക്കുന്ന മിക്ക സര്‍ക്കാര്‍ സ്കൂളുകളുടെയും ടെന്‍ഡറില്‍ പച്ച നിറത്തിലുള്ള ബോര്‍ഡ് സ്ഥാപിക്കണമെന്ന വ്യവസ്ഥയുണ്ട്. പൊതുമരാമത്ത് കരാറുകാര്‍ക്ക് സര്‍ക്കാര്‍ നേരിട്ടാണ് കരാര്‍ നല്‍കുന്നത്. മുസ്ലിംലീഗ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള രഹസ്യധാരണയാണ് പച്ച ബോര്‍ഡുകള്‍ക്ക് പിന്നില്‍. തിരൂരങ്ങാടി കക്കാട് ഗവ. യുപി സ്കൂളില്‍ പ്രധാനാധ്യാപികയോ പിടിഎയോ അറിയാതെയാണ് ആറു ക്ലാസില്‍ പച്ച ബോര്‍ഡ് സ്ഥാപിച്ചത്. കരാറുകാരന് ലഭിച്ച മറ്റു കരാറുകളിലും പച്ച ബോര്‍ഡ് സ്ഥാപിക്കാനാണ് വ്യവസ്ഥ. സര്‍ക്കാര്‍ നേരിട്ടുനല്‍കുന്ന കരാറുകളില്‍ ഇത്തരത്തില്‍ വ്യവസ്ഥയുണ്ടെന്ന് വ്യക്തമായതിനാല്‍ സര്‍ക്കാരിന് പങ്കില്ലെന്ന വാദം പൊളിയുകയാണ്. എംഎല്‍എമാരുടെ വികസന ഫണ്ട് ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് ബോര്‍ഡിന്റെ നിറം പച്ചയാക്കുന്നത്. സംഭവം വിവാദമായതോടെ ഡിഡിഇയുടെ നിര്‍ദേശപ്രകാരം കക്കാട് സ്കൂളില്‍ എഇഒ പരിശോധന നടത്തി. എന്നാല്‍, ഒറ്റനോട്ടത്തില്‍ ബോര്‍ഡ് പച്ചയാണെന്ന് തോന്നില്ലെന്നും അതിനാല്‍ മാറ്റേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ അധികൃതരുടെ അറിവോടെയല്ല ബോര്‍ഡ് സ്ഥാപിച്ചതെന്ന് കാണിച്ച് പ്രധാനാധ്യാപിക കെ സുലൈഖ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ബോര്‍ഡുകളുടെ നിറം പച്ചയാണെന്നാണ് മുസ്ലിംലീഗ് നേതാക്കളുടെ വാദം. എന്നാല്‍ സാധാരണയായി കാണാറുള്ള പച്ചബോര്‍ഡുകളുടെ നിറത്തില്‍നിന്ന് വ്യത്യസ്തമായ പച്ചയാണ് മലപ്പുറത്തെ സ്കൂളുകളിലുള്ളത്. നിറം മാറ്റം തന്റെ അറിവോടെയല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും നല്‍കിയിട്ടില്ലെന്നുമാണ് മന്ത്രി പി കെ അബ്ദുറബ്ബിന്റെ മറുപടി. മന്ത്രി തടിയൂരാന്‍ ശ്രമിക്കുന്നതും സംശയാസ്പദമാണ്.

No comments:

Post a Comment