Saturday 7 June 2014

Staff Fixation 2014-15

ജില്ലയില്‍ 1,074 അധ്യാപകര്‍ പുറത്താകും
തസ്തിക നിര്‍ണയത്തിലൂടെ ജില്ലയില്‍ 1,074 അധ്യാപകര്‍ പുറന്തള്ളപ്പെടും. എയ്ഡഡ് മേഖലയിലെ 685 പേരും സര്‍ക്കാര്‍ സ്കൂളുകളിലെ 389 അധ്യാപകരുമാണ് പുറത്താകുക. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ വന്‍ തോതില്‍ കുറയുന്നതാണ് അധ്യാപകര്‍ക്കു വിനയാകുന്നത്. നേരത്തേ എല്‍പി, യുപി ക്ലാസുകളില്‍ 1:45 ആയിരുന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം കുട്ടികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് 2012-13ല്‍ എല്‍പിയില്‍ 1:35ഉം യുപിയില്‍ 1:30ഉം ആക്കി കുറച്ചു. എന്നിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. തിങ്കളാഴ്ച കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാകും. ജൂലൈ 15നുമുമ്പ് അധ്യാപക തസ്തികനിര്‍ണയം പൂര്‍ത്തിയാക്കാനാണ് തീരുമാനം. പ്രധാന അധ്യാപകരുടെ ചുമതലയും മറ്റും നല്‍കി വളരെ കുറച്ചുപേരെ നിലനിര്‍ത്താനാകും. നിലവിലുള്ള തീരുമാനപ്രകാരം പുറത്താകുന്ന അധ്യാപകരെ അധ്യാപക ബാങ്കിലേക്കു മാറ്റും. എന്നാല്‍, പിന്നീട് ഇവര്‍ക്ക് ശമ്പളമുണ്ടാകില്ല. ജൂണ്‍മാസത്തെ ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഉറപ്പു പറയാനാകില്ല. അധ്യാപക പരിശീലനത്തിനായി ഇവരെ ഉപയോഗിക്കാമെന്നു ധാരണയുണ്ട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഇതുവരെ അധ്യാപകപരിശീലനം കാര്യക്ഷമമായിരുന്നില്ല. അധികംവരുന്ന അധ്യാപകരെ ഒഴിവുള്ള സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പുനര്‍വിന്യസിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എവിടെയും ഒഴിവില്ലെന്നതാണ് വസ്തുത. വന്‍തുക കൊടുത്ത് എയ്ഡഡ് സ്കൂളുകളില്‍ നിയമനം നേടിയവരാണ് കൂടുതല്‍ ദുരിതത്തിലാകുക. തലയെണ്ണല്‍പ്രക്രിയ അധ്യാപകരുടെ ജോലി കളയില്ലെന്ന് യുഡിഎഫ് സര്‍ക്കാര്‍ മുമ്പേ പറഞ്ഞിരുന്നതാണെങ്കിലും നിലവില്‍ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ് അധ്യാപകര്‍. നിലവിലുള്ള അധ്യാപകരെ സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോള്‍തന്നെ യഥേഷ്ടം സിബിഎസ്ഇ സ്കൂളുകള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് പ്രത്യേക താല്‍പ്പര്യമുണ്ട്. ഇതിന്റെ പേരില്‍ വന്‍ അഴിമതിയും നടക്കുന്നു. ഇത്തവണത്തെ യൂണിഫോംവിതരണം സംബന്ധിച്ച് ഒരു നിര്‍ദേശവുമില്ല. കഴിഞ്ഞ വര്‍ഷത്തെ യൂണിഫോം വിതരണം ഇപ്പോള്‍ നടക്കുന്നതേയുള്ളു. പുസ്തകവിതരണവും പകുതിയേ ആയിട്ടുള്ളു. സ്കൂളിലെ ഉച്ചഭക്ഷണപരിപാടിയും താളംതെറ്റി. കുട്ടികള്‍ക്ക് ഈ മാസം രണ്ടുമുതല്‍ ഉച്ചഭക്ഷണം കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, ഇതിന് ഫണ്ട് അനുവദിച്ചിട്ടില്ല. മാത്രമല്ല, സപ്ലൈകോയില്‍ സാധനങ്ങളുമില്ല. കഴിഞ്ഞ വര്‍ഷം ബാക്കിയുണ്ടായിരുന്ന അരിയും മറ്റും ഉപയോഗിച്ച് ചില സ്കൂളുകളില്‍ ഭക്ഷണം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുത്തവകയില്‍ കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശിക ഇനിയും പ്രധാന അധ്യാപകര്‍ക്ക് നല്‍കിയിട്ടില്ല. മാത്രമല്ല, ഹെഡ്മാസ്റ്റര്‍മാരായി ഉദ്യോഗക്കയറ്റം ലഭിക്കേണ്ട അധ്യാപകരെ സംബന്ധിച്ചും വ്യക്തതയില്ല. 50വയസ്സു കഴിഞ്ഞാല്‍ ഉദ്യോഗക്കയറ്റത്തിന് കെഇആര്‍ പ്രകാരമുള്ള യോഗ്യത ആവശ്യമില്ലന്ന് വ്യവസ്ഥയുണ്ട്. മാത്രമല്ല, ഉദ്യോഗക്കയറ്റം ലഭിക്കുന്നവര്‍ക്ക് പരീക്ഷയെഴുതാന്‍ സമയവും അനുവദിക്കുമായിരുന്നു. എന്നാല്‍, വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പേരില്‍ സീനിയര്‍ അധ്യാപകരുടെ തലയ്ക്കു മുകളിലൂടെ ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കുകയാണ്.

No comments:

Post a Comment