Thursday 2 January 2014

സി രാമകൃഷ്ണന്‍ കമ്യൂണിസ്റ്റ്മൂല്യം ഉയര്‍ത്തിപ്പിടിച്ച കരുത്തുറ്റ സംഘാടകന്‍


ലളിതജീവിതത്തിലൂടെ കമ്യൂണിസ്റ്റ്മൂല്യം ഉയര്‍ത്തിപ്പിടിച്ച കരുത്തുറ്റ സംഘാടകനെയാണ് സി രാമകൃഷ്ണന്റെ നിര്യാണത്തോടെ ആലത്തൂരിന് നഷ്ടമായത്. നാലുപതിറ്റാണ്ടോളം തൊഴിലാളിപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിനുമായി അക്ഷീണം പ്രയത്നിച്ച രാമകൃഷ്ണന്‍ താലൂക്കിലെ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഏറെ പ്രിയങ്കരനായി. കര്‍ഷകത്തൊഴിലാളികുടുംബത്തില്‍ ജനിച്ച് ജനപ്രതിനിധിയായും സഹകാരിയായും തൊഴിലാളിസംഘടനകളുടെ ജില്ലാഭാരവാഹിയായും പ്രവര്‍ത്തിച്ചു. ജനാധിപത്യവേദികളിലും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച് മുന്നേറുമ്പോഴും പുള്ളോട്ടിലെ ലക്ഷംവീട് കോളനിയിലെ സാധാരണക്കാരില്‍ ഒരാളായിത്തന്നെ ജീവിച്ചു. രാഷ്ട്രീയ എതിരാളികളുടേയും തൊഴിലാളിവിരുദ്ധരുടേയും ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ തൊഴിലാളികളെ പ്രാപ്തമാക്കാനുംഅദ്ദേഹം നേതൃത്വം നല്‍കി. എണ്‍പതുകളിലെ മിച്ചഭൂമിസമരത്തിന്റെ ഭാഗമായി 15ദിവസം ജയില്‍വാസം അനുഭവിച്ചു. 1967ല്‍ പാര്‍ടി അംഗമായ രാമകൃഷ്ണന്‍ ആലത്തൂര്‍ ഏരിയകമ്മിറ്റി രൂപീകരിച്ചതുമുതല്‍ ഏരിയ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടുപതിറ്റാണ്ടോളം എരിമയൂര്‍, മേലാര്‍കോട് ലോക്കല്‍സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ആലത്തൂര്‍ റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്റാണ്. ജീവിതത്തിന്റെ അവസാനം വരെ ചെങ്കൊടിപ്രസ്ഥാനത്തെയും ജനങ്ങളെയും സ്നേഹിച്ചും സേവിച്ചും ജീവിച്ച രാമകൃഷ്ണന്റെ വേര്‍പാടിനെ വിതുമ്പലോടെയാണ് നാട് ഏറ്റുവാങ്ങിയത്.

No comments:

Post a Comment